
പ്രശാന്ത് പാറപ്പുറം
കൊച്ചി: കേരളാ പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എസ് എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നു. എസ്പിയായിരുന്ന ഡോ.വൈഭവ് സക്‌സേന എൻഐഎയിലേക്ക് പോകുന്നതിനെ തുർന്നാണ് ഹേമലത എറണാകുളം റൂറൽ എസ്പിയായി ചുമതലയേൽക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരുന്നു ഹേമലത.
വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ ഏറെയില്ലാത്ത കേരളാ പൊലീസിൽ സർവീസിന്റെ തുടക്കത്തിൽ തന്നെ വിലസിയ ഉദ്യോഗസ്ഥയാണ് ഹേമലത. 2017ബാച്ചുകാരിയാണ്. മലപ്പുറത്ത് അഡി.എസ്പിയായിരിക്കെ ഹേമലത പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ നാടകീയ നീക്കങ്ങളാണ് അവരെ കേരളാ പൊലീസിലെ പെൺപുലി എന്ന വിശേഷണത്തിന് ഉടമയാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ച സംഭവമായിരുന്നു പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്.
പഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാനക്കാരിയായിരുന്നു ഞെട്ടലിന് പിന്നിലെ കാരണം. സ്റ്റേഷനിലെ പി.ആർ.ഒ ഷാജിയോട് ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും പറഞ്ഞാണ് സ്ത്രീ സ്റ്റേഷനിലേക്കെത്തിയത്. ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിലാണ് ജോലിയെന്നാണ് ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്. തമിഴ് കലർന്ന മലയാളത്തിലായിരുന്നു സംസാരം. സംഭവം കേട്ടയുടൻ ഉടനടി ഒരു പരാതി എഴുതി നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസർ നൽകുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.
പരാതി ലഭിച്ചതിന് പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയിൽപെടുത്തി. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും രസീത് കൈപ്പറ്റണം എന്ന് പി.ആർ.ഒ ആവശ്യപ്പെട്ടു. തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച പരാതിക്കാരിയോട് മലയാളത്തിലും ഇംഗ്ലിഷിലുമായി പൊലീസ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. പരാതി രജിസ്റ്റർ ചെയ്യാൻ തുടങ്ങുന്നതിടെയാണ് താൻ പുതിയതായി ചുമതലയേറ്റ എ.എസ്പിയാണെന്ന വിവരം പരാതിക്കാരിയായി വേഷം മാറിയെത്തിയ സ്ത്രീ അറിയിക്കുന്നത്. ഇതു കേട്ട പൊലീസുകാരെല്ലാം പൊടുന്നനെ ഞെട്ടി.
എ.എസ്പിയായി എം.ഹേമലത ചുമതലയേറ്റ ഉടനെയാണ് വേഷം മാറി പെരിന്തൽമണ്ണ സ്റ്റേഷനിലെത്തിയത്. എന്തായാലും വേഷം മാറിയെത്തിയ ഹേമലത പൊലീസ് നടപടിയിൽ തൃപ്തി രേഖപ്പെടുത്തിയതോടെയാണ് പൊലീസുകാർക്ക് ശ്വാസം വീണത്. സംഭവത്തിന് ശേഷം പി.ആർ.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ ഹേമലത പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാർദപരമായാണ് പെരുമാറിയതെന്നും തമിഴ്നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവർ പറഞ്ഞു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എ.എസ്പി മടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും ഹേമലത പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് പരീക്ഷിക്കാനാണ് ഹേമലത വേഷം മാറി എത്തിയത്.
2017ബാച്ചിൽ ഐ.പി.എസ് നേടിയ ഹേമലത ചെന്നൈ സ്വദേശിയാണ്. 2014ൽ അഗ്രികൾച്ചറൽ ആൻഡ് ഇറിഗേഷൻ എൻജിനിയറിങ് ബിരുദം നേടിയ ഹേമലത ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. ദക്ഷിണേഷ്യൻ വാട്ടർ അസോസിയേഷൻ റിസർച്ച് ഫെലോയായും ചെന്നൈയിലെ ഗവ. എൻജിനിയറിങ് കോളേജിൽ അദ്ധ്യാപികയായും പ്രവർത്തിച്ചു. ഐ.പി.എസ് പരിശീലന കാലത്ത് അത്‌ലറ്റിക്സിൽ മെഡലുകളും നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പരിശീലനത്തിനു ശേഷമാണ് കേരളത്തിലെത്തിയത്. എറണാകുളം റൂറൽ പൊലീസിന്റെ പരിധിയിലുള്ള കാലടി സ്റ്റേഷൻ എസ്.എച്ച്.ഒ ആയിട്ടായിരുന്നു ട്രെയിനിങ് കാലത്തെ നിയമനം.
പാണ്ഡ്യൻ എന്ന സിനിമയിൽ രജനീകാന്ത് അവതരിപ്പിച്ച പാണ്ഡ്യൻ ഐ.പി.എസ് എന്ന കഥാപാത്രമാണ് ഒരു ഐ.പി.എസുകാരിയാവണമെന്ന മോഹം മനസ്സിലുണർത്തിയത് എന്ന് എം.ഹേമലത ഐ.പി.എസ് പറയുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന കഥാപാത്രം അത്രമേൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞതോടെ എങ്ങനെയും ഐ.പി.എസ് നേടണമെന്ന ദൃഢനിശ്ചയമായിരുന്നു.