തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മുപ്പത്തിയാറ് വയസുകാരനായ ഇദ്ദേഹം ആദ്യമായാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 56 അപേക്ഷകള്‍ പരിഗണിച്ചതില്‍ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഹാജരായ 51 പേരില്‍ 42 പേര്‍ യോഗ്യത നേടി.
ഇവരുടെ പേരുകള്‍ എഴുതി വെള്ളിക്കുംഭത്തിലാക്കി ഉച്ചപൂജ കഴിഞ്ഞ് നട തുറന്നയുടനെ നമസ്‌കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നറുക്കെടുപ്പിന് ശേഷം നിയുക്ത മേല്‍ശാന്തി തന്ത്രി മഠത്തിലെത്തി അനുഗ്രഹം വാങ്ങി. 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്നശേഷം മുപ്പതിന് രാത്രി അത്താഴ പൂജ കഴിഞ്ഞാല്‍ ചുമതലയേല്‍ക്കും. ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി.