ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പ് കടിയേല്‍ക്കുന്നുവെന്ന് അവകാശവാദം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി അറിയിച്ചു. 24 കാരനായ വികാസ് ദുബെയ്ക്കാണ് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റത്. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണെന്നും ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും രാജീവ് നയന്‍ പറഞ്ഞു. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേല്‍ക്കുന്ന ആളെ എല്ലാ തവണയും ഒരേ ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിക്കുന്നത്. ഒരുദിവസംകൊണ്ട് അയാള്‍ക്ക് ഭേദമാകുന്നു. ഇത് വളരെ വളരെ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘സംഭവം അന്വേഷിക്കാനായി വിദഗ്ധസംഘം രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധസംഘമാണ് ഇത് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷം ഇതിന്റെ വസ്തുത ഞാന്‍ ജനങ്ങളെ അറിയിക്കും.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാമ്പ് കൊത്തിയതിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ഇതിനകം ചെലവായെന്ന് ചൂണ്ടിക്കാട്ടി വികാസ് ദുബേ കളക്ടറേറ്റില്‍ പോയിരുന്നു. സര്‍ക്കാരില്‍നിന്ന് സാമ്പത്തികസഹായം വേണമെന്നാവശ്യപ്പെട്ടാണ് കളക്ട്രേറ്റില്‍ എത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി-സ്‌നേക്ക് വെനം സൗജന്യമായി ലഭിക്കുമെന്ന് താന്‍ പറഞ്ഞതായും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.