വയനാട്: വെറ്റിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ രാജി നൽകി. ഡോ. പി സി ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വിസിയായി നിയമിച്ചത്.
രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് പി സി ശശീന്ദ്രന്‍റെ രാജി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. 33 വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവ്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍. വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം.