
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്.
മേട്രിസ് പോൾ എക്സിറ്റ് പോൾ സർവ്വേയും ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ ആംആദ്മി 32 മുതൽ 37 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജെവിസി എക്സിറ്റ് പോൾ പ്രകാരം ബിജെപി 39 മുതൽ 45 വരേയും എഎപി 22മുതൽ 31 വരേയും കോൺഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു.