പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിന്‍റെ സംസ്ക്കാര ചടങ്ങുകളിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് മനുഷത്വ പരമായ സമീപനത്തിന്‍റെ ഭാഗമാണ്, എന്നാൽ കുറ്റകൃത്യത്തെ മൃദുസമീപനത്തോടെയല്ല കാണുന്നതെന്നും അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
”നാട്ടിൽ ഒരു മരണം നടന്നാൽ ആ വീട്ടിൽ ഒരുകൂട്ടർ പോവുന്നത് നിഷിദ്ധമായ കാര്യമല്ല. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. കുറ്റത്തോട് മൃദുവായ സമീപനം കാണിക്കാൻ പാടില്ല. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരു തരത്തിലും തെറ്റായ കാര്യമല്ല” – അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടന്ന ഷെറിന്‍റെ സംസ്ക്കാര ചടങ്ങുകളിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുധീർകുമാർ, എൻ.അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണു ഷെറിന്‍റെ വീടിലെത്തിയത്. പ്രതിപക്ഷം സ്ഫോടനത്തിൽ സിപിഎമ്മിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനിടെ സിപിഎം നേതാക്കൾ വീട്ടിലെത്തിയത് കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചു.