തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് ഭാഗ്യവാൻ. സമ്മാനര്‍ഹമായ ടിക്കറ്റുമായി യുവാവ് ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തി ടിക്കറ്റ് ഹാജരാക്കി. വ്യക്തിപരമായ കാരണങ്ങലുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് യുവാവ് വകുപ്പിനോട് ആവശ്യപ്പെട്ടു. ടിക്കറ്റ് പരിശോധന നടത്തി പണം കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി ഏജൻസിയിൽ നിന്ന് 33കാരനായ ബിസിനസുകാരന്‍ ടിക്കറ്റ് എടുത്തത്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാനാണ് തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജയ്ക്ക് ടിക്കറ്റ് വിറ്റത്.
45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്പര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബമ്പര്‍. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്.