അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ വില അടിയന്തിരമായി ഭൂവുമകൾക്ക് കൈമാറണമെന്ന് റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. മൂന്ന് വർഷമായി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൻറെ നടപടി ക്രമങ്ങൾ നടക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചതോടുകൂടി സാധാരണക്കാരായ ഭൂവുടമകൾ അവരുടെ വസ്തു വിൽക്കാനോ, പണയപ്പെടുത്താനോ, വായ്പ എടുക്കാനോ പോലും സാധിക്കാതെ പ്രയാസപ്പെടുകയാണ്.
ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വസ്തുവിന് കൊടുക്കേണ്ടുന്ന വില ഉടമകൾക്ക് കൈമാറി ഭൂമി ഏറ്റെടുക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നുമില്ല. പണം നൽകാമെന്ന് പറഞ്ഞ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉള്ളത്. സ്വന്തം വസ്തു ഉപയോഗപ്പെടുത്തി ചികിൽസാ ആവശ്യത്തിനോ, വിദ്യാഭ്യാസ ആവശ്യത്തിനോ, വിവാഹാവശ്യത്തിനോ, മറ്റ് അടിയന്തിര കാര്യങ്ങൾക്കോ പണം കണ്ടെത്താൻ കഴിയാതെ സാധാരണക്കാരായ നിരവധി ഭൂവുടമകൾ ദുരിതത്തിലായിരിക്കുകയാണ്. സർക്കാർ ഭൂമി ഏറ്റെടുക്കും എന്ന് കണ്ട് മറ്റ് സ്ഥലങ്ങളിൽ പോയി ഭൂമിക്ക് അഡ്വാൻസ് കൊടുത്തവരും ഉണ്ട്. ഈ വിഷയം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിച്ചിരുന്നതായി എം.എൽ.എ പറഞ്ഞു.
ഗിഫ്റ്റ് സിറ്റി പദ്ധതി പ്രഖ്യാപിച്ച് നൂറ് കണക്കിന് ആളുകളെ കുടിയൊപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോൾ ശക്തമായ ജനകിയ പ്രക്ഷോഭം ഉയർന്ന് വന്നിരുന്നു. ആഘട്ടത്തിൽ എം.എൽ.എ മുൻകൈ എടുത്ത് ഭൂവുടമകളും ജനകീയ സമിതിയും കിൻഫ്രയും റവന്യു വകുപ്പും ഒക്കെയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ചകൾ നടത്തിയാണ് ജനവാസ മേഖലകൾ ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനുള്ള സാഹചര്യം ഒരുക്കിയത്. എന്നാൽ ഇതൊക്കെ പൂർത്തീകരിച്ച് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും ഭൂമിയുടെ വില ഉടമകൾക്ക് കൈമാറാത്ത സർക്കാർ സമീപനം അംഗീകരിക്കാൻ കഴിയില്ലായെന്നും അടിയന്തിരമായി പണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ബന്ധപ്പെട്ട ഭൂവുടമകളുമായി ചേർന്ന് വീണ്ടും ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.