മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ വിഷക്കൂൺ ചേർത്ത ഭക്ഷണം കഴിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ 49കാരി അറസ്റ്റിൽ. ജൂലൈ അവസാനമാണ് വിഷക്കൂൺ കഴിച്ച് മൂന്ന് പേർ മരിച്ചത്. എറിൻ പാറ്റേഴ്സനെയാണ് ലിയോൺഗാത്തയിലെ വീട്ടിൽ നിന്ന് അന്വേഷണവിധേയമായി പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ സഹായത്തോടെ ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. നിലവിൽ പാറ്റേഴ്സന്റെ പേരിൽ കുറ്റം ചുമത്തിയിട്ടില്ലായെന്നാണ് റിപ്പോർട്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
എറിന്റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ, പാസ്റ്ററായ ലാൻ വിൽക്കിൻസൺ ഇയാളുടെ ഭാര്യ ഹീതർ എന്നിവർക്ക് എറിൻ വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. കൂൺവിഭവമാണ് ഇവർക്ക് വിളമ്പിയത്.
തുടർന്ന് രാത്രിയോടെ നാലുപേർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഭക്ഷ്യവിഷബാധലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 69കാരനായ പാസ്റ്റർ വിൽക്കിൻസൺ ഒഴികെ ബാക്കി മൂന്നുപേരും ചികിത്സയിലിരിക്കെ ഒരാഴ്ചക്കുള്ളിൽ മരിച്ചു. രണ്ടുമാസം ചികിത്സയിലായിരുന്ന വിൽക്കിൻസൺ സെപ്റ്റംബർ 23നാണ് ആശുപത്രി വിട്ടത്.
മൂന്നുപേരുടെയും മരണശേഷം പാറ്റേഴ്സൺ സംശയനിഴലിലായി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച അവർ നിരപരാധിയാണെന്ന് വാദിച്ചു. ‘കൂൺ വാങ്ങിയത് ഏഷ്യൻ പലചരക്കുകടയിൽ നിന്നായിരുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിന് കൂണുകൾ കാരണമായെന്നതിന്റെ ഞെട്ടലിലാണ് ഞാൻ. അവരെ അറിഞ്ഞുകൊണ്ടുവേദനിപ്പിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വിഷബാധയുണ്ടായത് ആകസ്മികമായാണ്’- എന്നായിരുന്നു മാധ്യമങ്ങളോട് എറിൻ പാറ്റേഴ്സന്റെ പ്രതികരണം.
തന്റെ വീട്ടിലെത്തിയ മുൻ ഭർത്താവിന്റെ അമ്മയ്ക്കും അവരുടെ സഹോദരിക്കും ഭർത്താവിനും എറിൻ പാറ്റേഴ്‌സൺ, ബീഫ് വെല്ലിങ്ടൺ വിഭവം (beef wellington meal) കഴിക്കാനായി നൽകി. ഭക്ഷണം കഴിച്ച് ദിവസങ്ങൾക്ക് ശേഷം എറിൻ പാറ്റേഴ്‌സണിന്റെ മുൻ അമ്മായിയമ്മ ഗെയിൽ പാറ്റേഴ്‌സൺ (70), ഗെയ്‌ലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ (66), ഗെയിലിന്റെ 70 വയസ്സുള്ള ഭർത്താവ് ഡോൺ എന്നിവർ ആശുപത്രിയിൽ വച്ച് മരിച്ചു. ഭക്ഷണം കഴിച്ച നാലാമത്തെ ആളായ ഇയാൻ വിൽക്കിൻസൺ (68) ഗുരുതരാവസ്ഥയിലായെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
കുറ്റം നിഷേധിച്ച എറിൻ, പാചകക്കുറിപ്പ് പ്രകാരം താൻ ഉപയോഗിച്ച കൂൺ അപകടകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ എറിനെ സംശയിക്കുന്നതായി വിക്ടോറിയ പൊലീസ് നരഹത്യ സ്‌ക്വാഡിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ഡീൻ തോമസ് പറഞ്ഞിരുന്നെന്നും അന്ന് ഭക്ഷണം കഴിച്ചവരിൽ രോഗബാധ ഉണ്ടാക്കാത്ത ഒരേയൊരാൾ എറിനായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. രോഗബാധയുടെ ലക്ഷണങ്ങൾ ‘മരണ തൊപ്പി കൂൺ’ (Amanita phalloides) വിഷബാധയുമായി പൊരുത്തപ്പെടുന്നവയാണെന്ന് പൊലീസ് പറയുന്നു. എറിക്, ഭർത്താവ് പാറ്റേഴ്‌സണുമായുള്ള ബന്ധം നേരത്തെ പിരിഞ്ഞിരുന്നു. അറസ്റ്റിന് ശേഷം യുവതിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.