ഷിരൂർ: അർജുന്റെ ലോറിയുടെ കാബിനുള്ളിൽ നിന്ന് അർജുന്റെ രണ്ട് മൊബൈൽ ഫോണുകളും പേഴ്സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും ലഭിച്ചു. അർജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു.
അസ്ഥിയുടെ കൂടുതൽ ഭാഗങ്ങൾ കാബിനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ലോറിയുടെ കാബിനുള്ളിൽ നിന്നും ലഭിച്ച വസ്തുക്കൾ അർജുന്റെ സഹോദരൻ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പ്രതികരിച്ചു. സാമ്പിളുകൾ മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് മൃതദേഹം എത്തിക്കുമ്പോൾ കർണാടക പൊലീസ് അനുഗമിക്കും. ഇരു സംസ്ഥാനങ്ങളും ചേർന്നുള്ള കൂട്ടായ ദൗത്യമാണ് ഷിരൂരിൽ നടന്നതെന്നും എം നാരായണ പറഞ്ഞു.
ഡിഎൻഎ ഫലം കിട്ടിയാലുടൻ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. അർജുൻ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാൽ നാളെത്തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.