ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി. ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വർ മൽപെയെ നാവികസേനാണ് രക്ഷപ്പെടുത്തിയത്. ബോട്ടുകളിലും പുഴയുടെ നടുക്ക് രൂപപ്പെട്ട മൺകൂനയിലുമായാണ് ദൗത്യ സംഘവും മത്സ്യത്തൊഴിലാളികളും ഇപ്പോഴുള്ളത്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.