അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പിൽ അങ്കമാലി പോലീസ് ആദ്യ കേസെടുത്തു. വേങ്ങൂർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി സഹകരണസംഘം 25 ലക്ഷം രൂപ ലോൺ പാസാക്കിയെടുത്തിരിക്കുകയാണ്. ലോൺ അടക്കാൻ പറഞ്ഞ് വീട്ടിലേക്ക് നോട്ടീസ് വന്നപ്പോഴാണ് ലോൺ എടുത്തിരിക്കുന്ന വിവരം പരാതിക്കാരി അറിയുന്നത്.
ഇത്തരത്തിൽ 400 ലതികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ സംഘത്തിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് സംഘത്തിൽ നടന്നിരിക്കുന്നത്. നിക്ഷേപകർക്ക് പണം മടക്കി നൽകുന്നുമില്ല.
കഴിഞ്ഞ ദിവസം സംഘത്തിനു മുൻപിൽ നിക്ഷേപകരുടെ പ്രതിഷേധവും നടന്നിരുന്നു. നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്. വായ്പ്പയെടുക്കാതെ ബാധ്യതയിലായവർ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. കർശനമായ നടപടിയുണ്ടായില്ലെങ്കിൽ നിക്ഷേപകർക്കൊപ്പം പ്രതിഷേധം ശക്തമാക്കാനാണ് നോട്ടീസ് കിട്ടിയവരുടെ തീരുമാനം.
സംഘം പ്രസിഡണ്ടായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.