അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും, സംഘത്തിലെ മെമ്പർമാർ അല്ലാത്തവർക്കും, അർഹതയില്ലാത്തവർക്കും സംഘത്തിൽ നിന്നും ലോണുകൾ അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.ടി. പോൾ, പി.വി പൗലോസ്, കെ.ജി രാജപ്പൻ, രശ്മി, ടി.വി ബെന്നി, പി.സി ടോമി, ടി.പി ജോർജ്, വി.ഡി ടോമി, എം.വി സെബാസ്റ്റ്യൻ, മാർട്ടിൻ ജോസഫ്, വൈശാഖ് എസ് ദർശൻ, മേരി ആന്റണി, എൽസി വർഗീസ്, ലക്സി ജോയ്, വി.ജെ ലൈബി, കെ ബിജു ജോസ്, കെ.ഐ ഷൈജു, അനില എ പിള്ള, വി.പി ജിപ്സി, കെ.ബി ഷീല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജൂ (45) വിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഇയാൾ റിമാന്റിലാണ്.
2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം പ്രവർത്തനം തുടങ്ങുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്റെ വിശ്വാസ്യതയിൽ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടർന്ന് അർഹതരായവർക്കും വേപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. എന്നാൽ പോളിന്റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.
സംഘം പ്രസിഡണ്ടായിരുന്ന പി ടി പോളിനെ 3 മാസം മുമ്പ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.