
അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും, നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ.ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം ചെയർമാനായിരുന്ന മാത്യു തോമസ് രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിൽ നിന്ന് പ്രതിപക്ഷ നേതാവുകൂടിയായ സി.പി.എമ്മിലെ ടി.വൈ. ഏല്യാസായിരുന്നു ചെയർമാൻ സ്ഥാനാർഥി. എൽ.ഡി.എഫിലെ ജനതാദൾ പ്രതിനിധി ബെന്നി മൂഞ്ഞേലിയും, സ്വതന്ത്ര അംഗങ്ങളായ വിൽസൺമുണ്ടാടനും ഹാജറായില്ല. മറ്റൊരു സ്വതന്ത്ര അംഗം റോസിലി തോമസും ഷിയോ പോളിന് അനുകൂലമായി വോട്ട് ചെയ്തു. എൻ.ഡി.എ അംഗങ്ങൾ വിട്ടുനിന്നു.
അതോടെയാണ് ഷിയോ പോളിന് 16 വോട്ടും, ടി.വൈ. ഏല്യാസിന് ഒൻപതും വോട്ടും ലഭിച്ചത്. നായത്തോട് 16-ാം വാർഡ് കൗൺസിലറായ അഡ്വ.ഷിയോ പോൾ അങ്കമാലി മേഖലയിലെ പൊതു, സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.