അങ്കമാലി: മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. തളിപ്പറമ്പ് സെയ്ദ് നഗറിൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിം (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഡാൻസാഫും, 2021 ൽ ലോക്ഡൗൺ സമയം അങ്കമാലി പോലീസും ചേർന്ന് കറുകുറ്റിയിൽ 2 കിലോ 200 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം.
തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നത്. മൂന്നു പേർ നേരത്തെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന ഹാഷിമിനെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ നിന്നും ഇയാൾ പിടിയിലാകുന്നത്.
ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ.മാരായ പ്രദീപ് കുമാർ, പി.ഒ റജി, മാർട്ടിൻ.കെ ജോൺ, സി.പി.ഒമാരായ അജിത തിലകൻ, ടി.പി ദിലീപ് കുമാർ, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.