അങ്കമാലി: അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പോലീസ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അനസ് (41) നെ മുപ്പത്തിയാറ് വർഷം കഠിന തടവിനും , മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ആന്റ് ജില്ലാ കോടതിയുടേതാണ് വിധി. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ കൊട്ട കാട്ടുശേരി മുനിർമൻസിലിൽ മുനീർ ( 30 ), അടൂർ വടക്കേടത്തുകാവ് ഷമീർ മൻസിലിൽ ഷമീർ ( 31 ), വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബു താഹിർ (സവാള 31 ), ആന്ധ്രാപ്രദേശ് ഹുക്കും പേട്ട സ്വദേശി ബലോർദ ബോഞ്ചു ബാബു (34), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെന്താരയിൽ മുഹമ്മദ് ഫറൂക്ക് (25) എന്നിവരെ 12 വർഷത്തേക്കും ശിക്ഷിച്ചു.
രണ്ട് കാറുകളിലായാണ് കഞ്ചാവ് കടത്തിയത്. ഒരു വാഹനത്തിൽ ഇരുപത്തിയഞ്ച് കിലോയും, അടുത്ത വാഹനത്തിൽ 100 പൊതികളിലായി 200 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, അങ്കമാലി പോലീസും ചേർന്ന് 2021 നവംബർ 8 ന് അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ നിന്നുമാണ് വാഹനം സാഹസികമായി പിന്തുടർന്ന് തടഞ്ഞ് നിർത്തി കഞ്ചാവ് പിടികൂടിയത്. ഡി വൈ എസ് പി മാരായ സക്കറിയാമാത്യു, പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.