അങ്കമാലി: കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ നവകേരള സദസ്സ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അങ്കമാലി എം.എൽ.എ റോജി എം. ജോൺ. അങ്കമാലി ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായ ഒരു പ്രഖ്യാപനവും നടത്താൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബു കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജീവനക്കാരുടെ ശമ്പള വിതരണവും സാധാരണക്കാരായ ഈറ്റവെട്ട്-പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ഡി.എ കുടിശ്ശികയും ആനുകൂല്യങ്ങളുമെല്ലാം മുടങ്ങിക്കിടക്കുകയാണ്.
പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളികൾ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. മലയാറ്റൂർ, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യമ്യഗശല്യം രൂക്ഷമാണ്. പണം ക്യത്യസമയത്ത് കൊടുക്കാത്തതുകൊണ്ടും, ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതുകൊണ്ടും പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിന്റേയും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.
ക്ഷേമപെൻഷൻ ഉൾപ്പെടെ സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ സാധാരണ ജനങ്ങളെ ബാധിക്കുന്നതും അങ്കമാലിയുടെ പൊതുവായ വികസനത്തെ സംബന്ധിക്കുന്നതുമായ യാതൊരു വിഷയങ്ങളിലും ക്യത്യമായ തീരുമാനങ്ങളില്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ എൽ.ഡി.എഫ്‌ന്റെ രാഷ്ട്രീയ പരിപാടിയായി സദസ് മാറി. എം.എൽ.എ എന്ന നിലയിൽ താനീ വിഷയങ്ങൾ എല്ലാം നിയമസഭയിൽ അവതരിപ്പിക്കുകയും, രേഖാമൂലം നിവേദനങ്ങളായി നൽകുകയും ചെയ്തിട്ടുള്ളതാണ്. ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
സദസ്സിൽ പങ്കെടുത്ത സാധാരണക്കാരായ ജനങ്ങൾക്കോ അങ്കമാലിയിൽ നിന്നുള്ള ജനപ്രതിനിധികൾക്കോ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഇങ്ങിനെയാണോ ജനങ്ങളോട് സംവദിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉച്ചഭക്ഷണം കഴിച്ച് അഡ്‌ലക്‌സിൽ വിശ്രമിക്കുന്ന സമയത്താണ് ചടങ്ങിന്റെ അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ അഡ്വ. ജോസ് തെറ്റയിൽ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്. മറ്റ് മന്ത്രിമാരുടെ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിലെത്തിയ ശേഷം അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കാനുള്ള അവസരം മാത്രമാണ് അദ്ധ്യക്ഷനുണ്ടായത്.
ഇത് അങ്കമാലിയിലെ ജനങ്ങളോടും ജനപ്രതിനിധികളോടുമുള്ള അവഹേളനമാണ്. ഈ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാനാണ് എം.എൽ.എ എന്ന നിലയിൽ തന്നോട് ആവശ്യപ്പെട്ടത്. സദസ്സ് ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം ഏറ്റവും ഉചിതമായി എന്ന് പരിപാടി സംഘടിപ്പിക്കപ്പെട്ട രീതി കണ്ടപ്പോൾ ഒന്നുകൂടി വ്യക്തമായി എന്നും എം.എൽ.എ പറഞ്ഞു.