അങ്കമാലി: അങ്കമാലിയിൽ ജാസ്ലിയ ജോൺസണെന്ന പെൺകുട്ടിയെ ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തുറവൂരിൽ നിന്ന് കാർ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ തുറവൂരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്.
ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയൻസ് കോളജിനു സമീപമാണ് എടവനക്കാട് സ്വദേശി ജാസ്ലിയ വാഹനമിടിച്ചത്. കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
അവയവദാനത്തിനുള്ള ശസ്ത്രക്രിയകൾ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ രോഗിക്കും നൽകും. കരൾ രാജഗിരി ആശുപത്രിയിലേക്കുമാണ് നൽകുന്നത്.



