അങ്കമാലി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. നാല് വർഷമായി നേരിടുന്ന പീഡനത്തിൽ ഒടുവിൽ യുവതി പരാതി നൽകി. 29കാരിയായ യുവതിയാണ് ക്രൂരമായ പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.
അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് കഴിഞ്ഞ ദിവസം യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.
ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് അറിയുന്നത്. തുടർന്ന് യുവതി പരാതി നൽകുകയും പൊലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടി ജനിച്ചത് യുവതിയുടെ പ്രശ്‌നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതിന് പുറമേ ഇയാൾ യുവതിയെ അസഭ്യം പറഞ്ഞതായും എഫ്‌ഐആറിലുണ്ട്.
വീട്ടുപണികൾ ചെയ്യുന്നില്ലെന്നും പീരിയഡ്‌സ് ആയില്ലെന്ന് പറഞ്ഞും ഇയാൾ ദേഹോപദ്രവം ചെയ്തതായും എഫ്‌ഐആറിലുണ്ട്. ഇത്രയും കാലം ഇതെല്ലാം സഹിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. അതേസമയം ക്രൂരമർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ യുവതിയെ പൊലീസ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് മാറ്റി. ഭർത്താവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.



