തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുളള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ആമയിഴഞ്ചാൻ തോട് പൂർണമായി ക്ലീൻ ചെയ്യുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാർട്മെന്‍റ് തയാറാക്കിവരികയാണ്. ഇക്കാര്യം റെയിൽവേയുമായി സംസാരിച്ചിട്ടുണ്ട്. യന്ത്രസഹായത്തോടെയേ അവരുടെ ഭാഗത്തെ മാലിന്യം നീക്കാനാകൂ. ഇതിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയുടെ ഭാഗത്തെയും ആമയിഴഞ്ചാൻ തോട് മൊത്തമായും ക്ലീൻ ആകുമെന്ന് തദ്ദേശ സെക്രട്ടറി ഉറപ്പ് പറഞ്ഞു. എന്നാൽ ഉറപ്പ് രേഖാമൂലം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും കോടതി പറഞ്ഞു. വാഹനം അടക്കമുളളവ പിടിച്ചെടുക്കണം. ആരുടെമേലും പഴിചാരുകയല്ല, മറിച്ച് കാര്യങ്ങൾ നടന്നേ മതിയാകൂവെന്നും കോടതി പറഞ്ഞു. കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണം. ആമയിഴഞ്ചാൻ ക്ലീൻ ആക്കാനുളള നടപടികൾ സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കണം. കേരളത്തിന്‍റെ തലസ്ഥാന നഗരത്തിലാണ് ഇതെന്ന് ഓർക്കണം. ഈ ജോലികൾക്ക് തുടർച്ചയും വേണം. നടപടികൾ നിരന്തരം നിരീക്ഷിക്കുമെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി.
റോഡിലെ മാലിന്യം കൃത്യമായി ക്ലീൻ ആക്കുന്നുണ്ടോയെന്ന് കൊച്ചി കോർപറേഷനോടും ഹൈക്കോടതി ചോദിച്ചു. പേരിനുമാത്രമാണ് പലപ്പോഴും ക്ലീനിങ് നടക്കുന്നത്. ഇത് പറ്റില്ലെന്നും നഗരം എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വിദേശത്ത് പോയി കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. അധികം ദൂരം പോകേണ്ട, ശ്രീലങ്കയിൽ പോയാൽ വേസ്റ്റ് മാനേജ്മെന്‍റ് എങ്ങനെ വേണമെന്ന് മനസിലാക്കാമെന്നും കോടതി പറഞ്ഞു.