ആലുവ: ആലുവ കെ.എസ്.ആര്‍.ടി.സി. പരിസരത്ത് പത്ത് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ ചൊവ്വാഴ്ച തന്നെ നഗരസഭ അധികൃതര്‍ പിടികൂടി കൂട്ടിലടച്ചിരുന്നു. നായ മരണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നായയില്‍ പേവിഷബാധ കണ്ടെത്തിയിട്ടുണ്ട്. മണ്ണുത്തില്‍ വെച്ചാണ് നായയ്ക്ക് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
നായയുടെ കടിയേറ്റ പത്ത് പേരും ആദ്യഘട്ട ആന്റി റാബിസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. തുടര്‍ ഡോസുകള്‍ സ്വീകരിക്കേണ്ടതാണ് സാഹചര്യമാണ് ഉള്ളത്.ബസ് യാത്രക്കാര്‍, നഗരസഭ കണ്ടിജന്‍സി ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളി, അഭിഭാഷകന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ അസമിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയുള്ള സമയത്ത് ആലുവ കെ.എസ്.ആര്‍.ടി.സി. പരിസരത്ത് വെച്ചാണ് പത്ത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ആലുവ നഗരസഭ ചെയര്‍മാന്‍ ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ കണ്ടെത്തി പേവിഷക്കെതിരായ കുത്തിവെപ്പ് നടത്തും. നഗരസഭ പ്രദേശത്തെ വളര്‍ത്തുനായ്കള്‍ക്ക് പേവിഷക്ക് എതിരായ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഓരോ ഉടമകളും ഉറപ്പുവരുത്തണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.