ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ ആലുവ പൊലീസ് നടത്തിയ അന്വേഷണം ഒഡീഷ സ്വദേശി അസഫാക് ആലത്തിലേക്ക് എത്തിച്ചു. അസഫാക് കുട്ടിയുമായി പോകുന്നത് കണ്ടുവെന്ന മൊഴിയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് മദ്യലഹരിയിലായിരുന്ന അസഫാക്കിനെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ലഹരിതലയ്ക്ക് പിടിച്ച അസഫാക് കുട്ടിയെ കുറിച്ച് ഒരു വിവരവും അന്ന് നല്‍കിയില്ല. പിറ്റേദിവസം രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്
ആലുവ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ മാലിന്യ കൂമ്പാരത്തിന് നടുവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരപീഡനത്തിന് ശേഷം അതിക്രൂരമായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യം പഴി കേട്ടെങ്കിലും ആലുവ റൂറല്‍ പൊലീസിന്‍റെ ചിട്ടയായ അന്വേഷണത്തിനൊടുവില്‍ 36 ദിവസങ്ങള്‍ക്കകം സെപ്റ്റംബര്‍ ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. ചില കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട് ചിലത് ചെയ്തിട്ടില്ലെന്നായിരുന്നു കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ഘട്ടത്തില്‍ പ്രതിയുടെ പ്രതികരണം.
ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണയില്‍ കോടതി തുടര്‍ച്ചയായി വാദം കേട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ രാസപരിശോധനഫലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പോക്സോ കേസുകളില്‍ 100 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ജി. മോഹന്‍രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.