ആലുവ: പിറ്റ് എൻ.ഡി.പി. എസ് ആക്ട് പ്രകാരം (പ്രിവെൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് ) പ്രകാരം കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു. കൂവപ്പടി കോട്ടുവയൽ വടക്കേക്കര വീട്ടിൽ അജി.വി നായർ (29)നെയാണ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് കൊടകര പോലീസ് പിടികൂടിയ കേസിലും, പുളിന്താനത്തെ വാടക വീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പോത്താനിക്കാട് പോലീസ് പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്.
കാലടി സനൽ വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്നുകളുടെയും, സൈക്കോട്രോപ്പിക്ക് വസ്തുക്കളുടെയും കടത്ത് തടയുകയാണ് ലക്ഷ്യം. റൂറൽ ജില്ലയിൽ ഈ നിയമപ്രകാരം ജയിലിലടയ്ക്കുന്ന പതിനൊന്നാമത്തെ കുറ്റവാളിയാണിത്.കോടനാട് ഇൻസ്പെക്ടർ ജി.പി മനുരാജ്, എസ്.ഐ എം.എസ് സുനിൽ, എ.എസ്.ഐ വി.പി ശിവദാസൻ, സീനിയർ സി പി ഒ മാരായ അനീഷ് കുര്യാക്കോസ്, സുരേഷ് കുമാർ സി.പി.ഒമാരായ എസ്.ആർ അവിനാഷ്, കെ.എസ് മധു, നിധിൻ രഘുവരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.