ആലുവ: ചെക്ക് കേസിൽ പതിനാല് വർഷമായി മുങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലി (54) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 2009 ൽ ജോസ് എന്നയാളിൽ നിന്ന് 4 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ കൊടുക്കാതെ കടന്നു കളഞ്ഞു.. തുടർന്ന് ജോസ് പെരുമ്പാവൂർ കോടതിയിൽ ചെക്ക് കേസ് ഫയൽ ചെയ്തു. പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പെരുമ്പാവൂർ ജെ.എഫ്.സിം.എം കോടതി വാറണ്ട് ആലുവ പോലീസിന് കൈമാറി. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത് . വാടകക്ക് വീടെടുത്ത് മാറി മാറി താമസിച്ചു വരികയായിരുന്നു.
പ്രതിയെ കോടതി മൂന്നു മാസം ശിക്ഷിച്ച് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐ പി.ടി.ലിജിമോൾ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, മുഹമ്മദ് സലിം, എസ്. മിഥുൻ, പി.എ.മുനീർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.