ആലുവ: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ വച്ച് എഴുപത് ഗ്രാം എം.ഡി.എം.എ യുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (26), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി, നെടുമ്പാശേരി പോലീസും സംയുക്തമായി പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്ന് കാറിൽ രാസലഹരി കടത്തുകയായിരുന്ന ആസാദിനെ കരിയാട് വച്ച് സാഹസികമായാണ് പിടികൂടിയത്. രണ്ട് എൽ.എസ്.ഡി സ്റ്റാമ്പും, ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലും, വസ്ത്രത്തിലെ പ്രത്യേക പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബാംഗ്ലൂരിൽ നിന്ന് സ്ഥിരമായി രാസലഹരി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് ആസാദ് .
ടൂറിസ്റ്റ് ബസിൽ കടത്തുന്നതിനിടയിലാണ് അങ്കമാലിയിൽ അജു ജോസഫ് പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും നൈജീരിയക്കാരനിൽ നിന്നുമാണ് ഇയാൾ മാരക രാസലഹരി വാങ്ങിയത്. നാട്ടിലെത്തിച്ച് ഉയർന്ന വിലയ്ക്ക് മൊത്തമായും ചില്ലറയായും കൊച്ചിയിൽ വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. നേരത്തെയും മയക്കുമരുന്ന് കടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.
റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി വി. അനിൽ, അലുവ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർമാരായ പി. ലാൽ കുമാർ, ടി.സി മുരുകൻ, സബ് ഇൻസ്പെക്ടർ എബി ജോർജ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.