ആലപ്പുഴ: കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയൽ റവന്യു ഡിവിഷണൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം 03:20-ഓടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡിവൈ എസ്പിയെകൂടാതെ ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ. എം.കെ, രാജേഷ് കുമാർ. ആർ, ജിംസ്റ്റെൽ സബ് ഇൻസ്പെക്ടർ വസന്ത് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയലാൽ സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കുമാർ, രഞ്ചിത്ത്, സനൽ, ലിജു, സുദീപ്, സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടൻ, നിതിൻ മാർഷൽ, സനീഷ്, വിമൽതുടങ്ങിയവരും ഉണ്ടായിരുന്നു.