കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയർസ് (ഐഇഇഇ) സ്റ്റുഡന്റസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പാണിയേലി കനക പബ്ലിക് ലൈബ്രറി നവീകരിക്കുകയും ആധുനിക വത്കരിക്കുകയും ചെയ്തു. ഐഇഇഇയുടെ ഹ്യുമാനിറ്റേറിയൻ പ്രോജെക്ടിന്റെ ഭാഗമായുള്ള ലൈബ്രറി ‘അഡ്വാൻസ്‌മെന്റ് ആൻഡ് റെവിറ്റലൈസേഷൻ ഫോർ കോളാബൊറേറ്റീവ് ലേർണിങ് എന്ന പദ്ധതി വഴിയാണ് ലൈബ്രറി നവീകരിച്ചത്. 1963ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറി കാലപ്പഴക്കം കൊണ്ട് വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. ഇരുപതോളം വിദ്യാർത്ഥികൾ ആറു മാസം കൊണ്ട് മൂന്ന് ഘട്ടങ്ങളായി ലൈബ്രറി വൈദ്യുതീകരണം, പെയിന്റിംഗ്, ഫർണിച്ചർ അറ്റകുറ്റപണികൾ എന്നിവ ചെയ്തു. അതിനോടൊപ്പം ടെലിവിഷനും കമ്പ്യൂട്ടറും നൽകി ലൈബ്രറിയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുകയും ചെയ്തു.
നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ബേസിൽ കോര നിർവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.വിജയൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ബിപിൻ ഔസേപ്പ്, ആദിശങ്കര എൻജീനീയറിംഗ് കോളേജ് അധ്യാപകരായ കെ പി രമ്യ, എൻ. അശ്വതി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ് ചന്ദ്രൻ, ലൈബ്രറിയൻ കെ ഒ പൗലോസ് തുടങ്ങിയവർ സംസാരിച്ചു. പ്രൊജക്റ്റ് വോളന്റീർമാരായ കോളേജ് വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു.