
കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലംക്സിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റും, സ്റ്റാളുകളും മാറ്റേണ്ടി വരുമ്പോൾ പകരം സംവിധാനമൊരുക്കാൻ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കാലടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന യോഗത്തിലാണ് വിവിധ നിർദ്ദേശങ്ങൾ ഉയർന്നത്. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും, ബസ് തൊഴിലാളി യൂണിയന്‍ നേതാക്കളും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്.
ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനായി എം.സി റോഡില്‍ നിന്ന് 6 മീറ്റര്‍ വീതിയില്‍ സെറ്റ് ബാക്ക് നല്‍കിയിട്ടുള്ള സ്ഥലത്ത് അങ്കമാലി ഭാഗത്തേക്കുള്ള ബ സുകൾ കയറ്റി നിർത്തി യാത്രക്കാരെ കയറ്റിയിറക്കി കടന്നുപോവുക,
4 റൂട്ടിലും പാര്‍ക്കിംഗ് നിരോധിക്കുക, ബസ് സ്റ്റോപ്പുകളില്‍ ബസ് ചേര്‍ത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും നിർദ്ദേശിച്ചു. 5 മിനിറ്റില്‍ കൂടുതല്‍ ഹാള്‍ട്ടിംഗ് ഉള്ള ബസുകള്‍ മറ്റൂര്‍ ചെമ്പിച്ചേരി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനും അല്ലാത്ത ബസുകള്‍ ബസ് സ്റ്റോപ്പില്‍ ഹാള്‍ട്ട് ചെയ്യുന്നതിനും യോഗം നിർദ്ദേശിച്ചു.
രാത്രികാലങ്ങളിൽ ബസുകൾ ഉടമകൾ സ്വന്തം നിലക്ക് പാർക്ക് ചെയ്യുവാൻ സമ്മതിച്ചു. ഇതിനായി ചെമ്പിച്ചേരി റോഡ് ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചു. ഈ റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കാനും യോഗം നിർദ്ദേശിച്ചു.വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗ്ഗീസ്, മെമ്പർമാരായ അമ്പിക ബാലകൃഷ്ണൻ, അംബിളി ശ്രീകുമാർ, എം.പി. ആൻ്റണി, കെ.ടി. എൽദോസ്, പി.കെ. കുഞ്ഞപ്പൻ, പി.ബി. സജീവ്, സെക്രട്ടറി പി.എസ് വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.