
കാലടി പ്ലാന്റേഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ വരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കാലടി ഗ്രൂപ്പിൽ മാർച്ച് 11 ന് സൂചനാ പണിമുടക്ക് നടത്തുന്നതിന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി മാനേജ്‌മെന്റിന് നോട്ടീസ് നൽകി. 2025 ജനുവരി മാസത്തെ ശബളത്തോടൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട സിക്ക് ലീവ് അലവൻസ് ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് നോട്ടിസ് നൽകിയത്. പതിനാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. കോർപ്പറേഷന്റെ കണക്കനുസരിച്ച് മുൻവർഷങ്ങളിൽ നഷ്ടത്തിലായിരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ നടപ്പ് സാമ്പത്തിക വർഷം 2024 നവംബർ 30 -ാം തിയതി വരെയുള്ള കണക്കനുസരിച്ച് 8.15 കോടി രൂപ ലാഭത്തിലായിരുന്നിട്ടും തൊഴിലാളികളുടെ സിക്ക് ലീവിന്റെ തുക നൽകാത്ത മാനേജ്‌മെന്റിന്റെ നിലപാടിൽ യൂണിയൻ പ്രസിഡന്റ് പി.ജെ ജോയി അതൃപ്തി രേഖപ്പെടുത്തി. ലീവിന്റെ തുക എത്രയും വേഗം വിതരണം ചെയ്തില്ലെങ്കിൽ അനിശ്ചിത കാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു.