
ആലുവ: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്. ഇന്ത്യക്കാരനെന്ന രീതിയിൽ വർഷങ്ങളായി ഇവിടെ തങ്ങുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവർ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് പശ്ചിമബംഗാളിൽ നിന്നും വ്യാജമായി ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയിരുന്നു. തുടർന്ന് ഇവർ കേരളത്തിൽ എത്തി ഇവിടത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കിയിരുന്നു. തുടർന്ന് ഈ വ്യാജ രേഖകളുമായി വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്യുകയായിരുന്നു.അവിടെ ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസും, വാഹനത്തിൻ്റെ ആർ.സി ബുക്കിൻ്റെ പകർപ്പ് , എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ അഖിൽ വിജയകുമാർ, ലാലൻ, ഹരിചന്ദ്, എ എസ് ഐ മാരായ സ്വപ്ന, റെജി എ തങ്കപ്പൻ, എസ് സി പി ഒ മാരായ മിറാജ്, സുനിൽ കുമാർ, സിപിഒ മാരായ ശ്രീകാന്ത്, ആൻ്റെണി ഫ്രെഡി, ശ്യാംകുമാർ, ഐശ്വര്യ, എച്ച്.ജി. വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.