
കാലടി:- മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഈ വർഷത്തെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്.സ്വാതന്ത്ര്യ സമരസേനാനി കാലടി എൻ സോമശേഖരൻ വൈദ്യനും സുഹൃത്തുക്കളും ചേർന്ന് 1947 സ്ഥാപിച്ച ഈ ലൈബ്രറി നടത്തിയ 200 ലേറെ വ്യത്യസ്ത പരിപാടികളും മറ്റു വേറിട്ട പ്രവർത്തനങ്ങളുമാണ് ലൈബ്രറിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ആറുഭാഷകളിലായി നാല്പതു ലക്ഷത്തിലധികം വില വരുന്ന അൻപതിനായിരത്തിലേറെ പുസ്തകങ്ങളും ആയിരത്തിയഞ്ഞൂറിലേറെ അംഗങ്ങളും ഉള്ള ഈ ഗ്രന്ഥശാല കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും സമീപപ്രദേശങ്ങളിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ റഫറൻസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു സുപ്രധാന കേന്ദ്രമാണ് .860 ആഴ്ചകളായി ബുധനാഴ്ചകളിൽ ഇവിടെ നടക്കുന്ന ബുധസംഗമം സാംസ്കാരിക കൂട്ടായ്മ ഇതിനോടകം രാജ്യാന്തരപ്രശസ്തി നേടി കഴിഞ്ഞു.
37 മാസമായി ഓൺലൈനിൽ ബുദ്ധദർശനത്തെ ആസ്പദമാക്കി നടത്തുന്ന രാജ്യാന്തര സെമിനാർ ,35 ആഴ്ചകളായി വനിതകൾക്കായി ഗൂഗിൾ മീറ്റിൽ നടത്തുന്ന ബുക്ക് സ്റ്റാൾജിയ ഓൺലൈൻ പുസ്തകാസ്വാദനം, റീഡിങ് തീയേറ്റർ ,സംഗീതമേ ജീവിതം പാട്ടുകൂട്ടം എന്നിവ ഈ വായനശാല നടത്തുന്ന വേറിട്ട പരിപാടികളാണ്.
ലൈബ്രറി കൗൺസിൽ മുഖപത്രമായ ഗ്രന്ഥാലോകത്തിന് സംസ്ഥാനത്ത് ഏറ്റവും അധികം വരിക്കാരെ ചേർത്ത ഈ ഗ്രന്ഥശാല, കഴിഞ്ഞ വർഷം തുടർച്ചയായി നൂറിലേറെ വീട്ടുമുറ്റവായന സദസ്സുകൾ സംഘടിപ്പിച്ചു. കൂടാതെ സർവ്വമത സമ്മേളന ശതാബ്ദി ,വൈക്കം സത്യാഗ്രഹശതാബ്ദി , കുമാരനാശാൻ ചരമ ശതാബ്ദി , എന്നിവയുടെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരകളും, മൺമറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളെ അനുസ്മരിച്ചുകൊണ്ട് നടത്തിയ മനസ്സിൽ മായാതെ സ്മൃതിഭാഷണ പരമ്പരയും ശ്രദ്ധേയമായി .
ഈ വർഷം ഈ വായനശാലയുടെ ആഭിമുഖ്യത്തിൽ 71 പുസ്തക ചർച്ചകളും, 5 പുസ്തക പ്രകാശനങ്ങളും , 5 പുസ്തക പ്രദർശനങ്ങളും സംഘടിപ്പിച്ചു. ലൈബ്രറി ഇതുവരെ 11 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ ബുദ്ധദർശനത്തെ ആസ്പദമാക്കി 2 രാജ്യാന്തര സെമിനാറുകളും ലൈബ്രറി സംഘടിപ്പിച്ചു. അഡ്വ കെ.ബി സാബുവാണ് ലൈബ്രറി പ്രസിഡൻ്റ്. മികച്ച ഗ്രന്ഥശാല പുരസ്കാര ജേതാവ് കാലടിഎസ് മുരളീധരൻ ആണ് സെക്രട്ടറി .അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ നാളെ (7.2.25 വെള്ളി) വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാറിൽ വച്ച് പുരസ്കാരം സമ്മാനിക്കും എന്ന് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ വി.കെ. ഷാജി അറിയിച്ചു.