കൊച്ചി: ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. 19 വയസ്സുകാരിയാണ് മരിച്ചത്. ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ് 19കാരിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെൺകുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നൽകി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും പെൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വീട്ടിൽ എത്തിച്ചുള്ള തെളിവെടുപ്പിൽ ചുറ്റികയും ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തിയും, പെൺകുട്ടിയുടെ വസ്ത്രങ്ങളും കണ്ടെത്തി.