കാലടി: കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ മുഖ്യ പ്രതിയടക്കം 4 പേർ പിടിയിൽ. വയനാട്ടിൽ നിന്നുമാണ് മുഖ്യ പ്രതിയെ പിടികൂടിയത്ത്. കൈപ്പമംഗലം സ്വദേശി അസീസ് ആണ് പിടിലായ മുഖ്യ പ്രതി. കഴിഞ്ഞ മാസം 27 നാണ് കാലടി ബിഎസ്എൻഎൽ റോഡിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസ് മാനേജർ തങ്കച്ചനെ കുത്തി പരിക്കേൽപ്പിച്ച് 20 ലക്ഷം രൂപ കവർന്നത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ റിമാൻ്റ് ചെയ്തു.
27 ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. തങ്കച്ചൻ കളക്ഷനുമായി വികെഡി വെജിറ്റബിൾസ് ഉടമയുടെ വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു. സംഭവം നടന്നതിൻറെ തൊട്ടടുത്ത് തന്നെയാണ് ഉടമയുടെ വീട്. അവിടെയെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ തങ്കച്ചൻറെ വാഹനത്തിന് മുന്നിലെത്തി കയ്യിലുണ്ടായിരുന്ന സ്‌പ്രേ മുഖത്തേക്കടിച്ചു. തൊട്ടുപിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ വയറ്റിൽ കുത്തി. തങ്കച്ചൻ താഴെ വീണതിനെ തുടർന്ന് സ്‌കൂട്ടറിൻറെ സീറ്റിനടയിൽ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് തങ്കച്ചനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.