കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം 7 ന് നടക്കുമെന്ന് റോജി എം ജോൺ എം.എൽ.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.7 ന് വൈകീട്ട് 6 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.ടൂറിസം ഡയറക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമുദായിക സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
ടൂറിസം വകുപ്പിൻ്റെ 4885000 രൂപയും, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് 4314000 രൂപയും, ഗ്രാമ പഞ്ചായത്തിൻ്റെ 1586000 രൂപയും ചിലവഴിച്ചാണ് പെഡസ്റ്റൽ വാക് വേ, ഓപ്പൺ ജിംനേഷ്യം, കുട്ടികൾക്കുള്ള പാർക്ക് എന്നിവ തയ്യാറാക്കിയിട്ടുള്ളത്. തുറയുടെ ആരംഭ ഭാഗത്തുനിന്നും നിലവിലുണ്ടായിരുന്ന കെട്ട് ഉയർത്തി കൈവരി സ്ഥാപിച്ച് ടൈൽ വിരിച്ചാണ് വാക് വേ തയ്യാറാക്കിയിട്ടുള്ളത്. ഇവിടെയെത്തുന്നവർക്ക് ഉപയോഗിക്കുന്നതിനുള്ള ശൗചാലയവും ഒരുക്കിയിട്ടുണ്ട്. നിർമ്മൽ റൈസ്, ടോളിൻസ് ട്രഡ്, നെസ്കോ ഐസ് ക്രീം എന്നിവയുടെ സഹകരണത്തോടെ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയോട് ചേർന്ന് പ്രത്യേക പ്രവേശന കവാടവും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്ന് എം.എൽ.എ പറഞ്ഞു. മാണിക്കമംഗലം തുറ കാർണിവലിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും ജനകീയ സമിതിയും ചേർന്ന് ഒരുക്കിയിരുന്ന ദ്വിദിന പരിപാടികൾ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
7 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയ വെറ്ററൻ താരം ജോണി പുത്തൻവീട്ടിലിനെയും, സിബിഎസ്ഇ വിഭാഗത്തിൽ മികച്ച അധ്യാപികക്കുള്ള ഗുരു ഗൗരവ് പുരസ്കാരത്തിന് അർഹയായ ബീന എം.ജി.യെയും, യുവ ക്രിക്കറ്റ് താരം അജിത് വാസുദേവനെയും,സംസ്ഥാന തലത്തിൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മൂന്നാം തവണയും കരസ്ഥമാക്കിയ മാണിക്യമംഗലം എൻ. എസ്. എസ്.ഹയർ സെക്കന്ററി സ്കൂളിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെയും ആദരിക്കും.ശേഷം വിവിധ കലാപരിപാടികളും, രാത്രി 7.30 ന് മലയാറ്റൂർ ഗോത്ര തനിമയുടെ നാടൻ പാട്ടുകളും ഉണ്ടാകും.
8 ന് വൈകിട്ട് 6 ന് വിവിധ കലാപരിപാടികളും, മാണിക്കമംഗലത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. തുറ കാർണിവലിനോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പും നടക്കും.