അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആൻ്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഒന്നാം തിയതി വരെ റിമാൻഡ് ചെയ്തു. രാജപ്പൻ നായരെയും പി.വി. പൗലോസിനെയും ആലുവ ജയിലിലും മേരി ആൻ്റണിയെ കാക്കനാട് വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി.വി..പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ മുൻപ്രസിഡൻ്റ് പി.ടി. പോൾ ഒരു വർഷം മുൻപ് മരിച്ചതിനെത്തുടർന്നാണ് രാജപ്പൻ നായരെ പ്രസിഡൻ്റാക്കിയത്.
യുഡിഎഫ് ഭരിച്ചിരുന്ന സഹകരണ സംഘത്തിൽ നടത്തൽ നൂറ് കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നിരിക്കുന്നത്. വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെവരെ പേരിലും മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്. പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്പ നൽകിയിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ നിലവിലുണ്ടായിരുന്ന ഭരണ സമിതിയെ പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ എറണാകുളം ജില്ലാ സഹകരണ സംഘം നിയമിച്ചിട്ടുണ്ട്.
മുൻ ഡയറക്ടർ ബോർഡംഗങ്ങളായ ടി.പി. ജോർജ്, ദേവസി മാടൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്. രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു