ആലുവ: ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറൽ ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കൂടുതൽ പോലീസിനെ വിന്യസിക്കും .പ്രത്യേക പട്രോളിംഗ് സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിധികളിൽ ‘നിരീക്ഷണം നടത്തും. മഫ്ടിയിലും പോലീസുകാരുണ്ടാകും. ടൂറിസ്റ്റ് പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലാ അതിർത്തികളിൽ ചെക്കിംഗുണ്ടാകും. മദ്യം മയക്കുമരുന്ന് പരിശോധന കുടുതൽ ശക്തമാക്കും.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നേരത്തെ പിടിയാലായവരും, ജാമ്യം ലഭിച്ചവരും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാണ്. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി യുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെയും,, ഹെൽമെറ്റില്ലാതെയും വാഹനമോടിക്കുന്നവർ, അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർ സിഗ്നൽ തെറ്റിക്കുന്നവർ ഇവർക്കൊക്കെ പിടി വീഴും. തിരക്കുള്ള നിരത്തുകളിൽ വാഹനം കൂടുതൽ സുക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
ഉറക്കം വന്നാൽ ഡ്രൈവർ വാഹനം ഒതുക്കിയിടണം. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ വഴിയുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ 24 മണിക്കൂറും നിരീക്ഷിക്കും. പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത പടക്കനിർമ്മാണവും വിൽപ്പനയും അനുവദിക്കില്ല. ഇത്തരം കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോലീസ് നടപടികളോട് പൊതുജനം പൂർണ്ണമായും സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.