അങ്കമാലി: തൊണ്ണൂറ്റിയേഴ് കോടി രൂപയോളം വ്യാജവായ്പ നൽകിയ അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ എൻഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മരിച്ചു പോയവരുടെ പേരിൽ വരെ വായ്പകൾ നൽകിയ സംഘത്തിലെ മുൻ ഭരണസമിതിയിലുള്ളവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ സ്വത്തുകണ്ടുകെട്ടലും അറസ്റ്റുകളും വൈകാതെ ഉണ്ടാകും. വിശദമായ പ്രാഥമിക അന്വേഷണത്തിനും ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. പരിശോധനയ്ക്കും ശേഷമാണ് ഇ.ഡി. കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, യു.ഡി.എഫ്. നേതൃത്വത്തിലുള്ള സംഘം ഭരണസമിതി ഈ മാസമാദ്യം പരിച്ചുവിട്ടിരുന്നു. നിലവിൽ അഡ്മമിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിലാണ് ബാങ്ക്. സംഭവത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഡയറക്ടർ ബോർഡ് അംഗ ങ്ങളും കോൺഗ്രസ് നേതാക്കളുമായ ടി.പി. ജോർജ്, സെബാസ്റ്റ്യൻ മാടൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ടി.പി. ജോർജ് കാലടി മുൻ പഞ്ചായത്ത് പ്രസിഡന്റും സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര മുൻ പഞ്ചായത്ത് പ്രസി ഡൻറുമാണ്. സംഘം സെക്രട്ടറി സിജു ജോസ്, അക്കൗണ്ടന്റ് ഷിജു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റ് ബോർഡ് അംഗങ്ങൾ അറസ്റ്റ് ഭയന്ന് ഒളിവിലാണ്.
അങ്കമാലി അർബൻ സംഘത്തിൽ 2008 മുതലാണ് തട്ടിപ്പ് വ്യാപകമായി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലുപേരുടെ പേരിലും വരെ വായ്പകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊ ള്ളിച്ചും വായ്പ നൽകി. നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കാത്ത അവസ്ഥയാണ് സംഘത്തിൽ.
മുൻ ഭരണസമിതി അംഗങ്ങളിൽ ചിലർക്ക് ഇ.ഡി. അന്വേഷണ സംഘം നോട്ടീസ് അയച്ചുകഴിഞ്ഞു. എന്നാൽ, അറസ്റ്റ് ഭയന്ന് ഒളിവിലുള്ളവർ ഹാജരാ കാൻസാധ്യത കുറവാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാവരിൽനിന്നും ഇ.ഡി. മൊഴി ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്കും സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്കും കടക്കുമെന്നാ ണ് സൂചന.