ന്യൂഡല്‍ഹി : മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും, ആവശ്യങ്ങളും മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ആരോപിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (AMMA), വുമണ്‍ ഇന്‍ സിനിമ കളക്ടീവും (WCC) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.