കാലടി: കാലടി പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനം താത്കാലികമായി പിൻവലിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും, പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള (പിസികെ) ഉദ്യോഗസ്ഥരും, പഞ്ചായത്തും, വിവിധ ട്രെയ്ഡ് യൂണിയൻ നേതാക്കളും ചേർന്ന് പുനരവലോകനം ചെയത ശേഷമാണ് തീരുമാനങ്ങൾ നടപ്പാക്കുകയൊളളുവെന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
പ്ലാന്റേഷനിലെ വനഭൂമിയിലെ റോഡുകളിലൂടെയുള്ള യാത്രകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്ലാന്റേഷനിലെ താമസക്കാർക്കിടയിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നിരുന്നത്. ന്യൂസ് വിഷൻ ഉൾപ്പെടെയുളള മാധ്യമങ്ങൾ ഇതിനെതിരെ വാർത്തകൾ ചെയ്തിരുന്നു. എന്നാൽ പുറമെ നിന്നുളള വിനോദയാത്ര സംഘങ്ങൾക്കും വാഹനങ്ങൾക്കും വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണിവരെ തോട്ടത്തിനകത്തുകൂടിയുളള യാത്ര അനുവദിക്കുന്നതല്ല.
പിസികെ പാട്ടത്തിന് എടുത്ത വനഭൂമിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിച്ചാൽ വന്യജീവി സംരക്ഷണ നിയമം, കേരള വനനിമം എന്നിവ അനുസരിച്ച് കേസെടുക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. . പ്ലാന്റേഷൻ ജീവനക്കാർ നേരിട്ടു പൊതുജനങ്ങളെ കൊണ്ടുവന്നാൽ അവർക്കെതിരെയും ഇതേ നടപടിയുണ്ടാകുമെന്നും. വന്യജീവികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതും അവയുടെ ചിത്രങ്ങൾ പകർത്തുന്നതും അനുവദിക്കില്ലെന്നും, വനഭൂമിയിലെ റോഡിന്റെ വശങ്ങളിൽ അനാവശ്യമായി വാഹനം നിർത്തിയിട്ടു സംഘർഷ സാധ്യത കൂട്ടുന്നതും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പും പിസികെയും നിയമ നടപടികളെടുക്കുമെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപറേഷൻ പതിമൂന്നാം ബ്ലോക്കിൽ കുളിരാംതോടു ഭാഗത്തു വനമേഖലയിലേക്ക് കയറിയ കാർ കാട്ടാന തകർത്തിരുന്നു. കുറച്ചു ദിവസം മുൻപ് കുളിരാംതോടു ഭാഗത്തു കാട്ടാന സ്‌കൂട്ടർ യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിയത്രണങ്ങൾ കർശനമാക്കിയത്.