തൃശൂര്‍: ഗുരുവായൂരപ്പന് ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ആനയും സ്വര്‍ണവും രത്നവും ഒക്കെ ഇങ്ങനെ സമര്‍പ്പിക്കുന്ന വഴിപാടുകളില്‍ ഉള്‍പ്പെടും. വാഹനങ്ങള്‍ ലഭിക്കുന്ന സംഭവങ്ങളുമുണ്ട്. ഇപ്പോഴും അങ്ങനെയൊരു വാഹനമാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്.ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.
ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന് ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന് എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. കളഭം ,തിരുമുടി മാല, പഴം, പഞ്ചസാര ഉള്‍പ്പെടുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദം ദേവസ്വം ചെയര്മാന് അദ്ദേഹത്തിന് നല്കി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്, കേശ് വിന് സി ഇ ഒ സഞ്ചുലാല്‍ രവീന്ദ്രന്, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡി എ എം രാധ, മാനേജര്‍ സുനില്‍ കുമാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.