ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ദേഹത്തിന്റെ കമ്പനി ഉൾപ്പെട്ടതായ സംശയത്തെ തുടർന്നാണു പരിശോധന.
ബൾഗേറിയറുടെ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി. അന്വേഷണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
കമ്പനിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും ലഭിച്ചില്ലെന്നും അന്വേഷണം ആരംഭിച്ചതായി ബൾഗേറിയൻ പൊലീസ് പറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു. ഐടി കൺസൾട്ടൻസി എന്ന പേരിലാണ് സ്ഥാപനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. എവിടെയാണ് പേജറുകൾ നിർമിച്ചത്, എവിടെവച്ച് സ്ഫോടക വസ്തുക്കൾ പേജറിൽ നിറച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയർന്നു. പരുക്കേറ്റവർ 3,000 കവിഞ്ഞു. 287 പേരുടെ നില ഗുരുതരമാണ്. ഇസ്രയേലാണ് സ്ഫോടനം നടത്തിയതെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.