കാലടി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ)ന്റെ വിഷൻ വികസിത് ഭാരത് സ്‌കീമിന്റെ ഭാഗമായി ‘ഗ്രാമീണ വിനോദസഞ്ചാരം കേരളത്തിലെ തദ്ദേശവാസികളുടെ ഉപജീവന വൈവിധ്യവൽക്കരണത്തിന് ‘ എന്ന വിഷയത്തിൽ ഗവേഷണ പദ്ധതിക്കായി ഐസിഎസ്എസ്ആർ 15 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചു.
ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും, വന്യജീവി സങ്കേതങ്ങളിലെ ടൂറിസത്തിലെ നൂതന സാധ്യതകൾ പഠിക്കുന്നതിനും, കേരളത്തിലെ പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി ടൂറിസവുമായി ബന്ധപ്പെടുത്തുകയും ചെയ്യുവാൻ നവീനപദ്ധതികളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും, ഇവയെ തദ്ദേശീയ ജനതയുടെ ഉപജീവന മാർഗ്ഗങ്ങളുടെ വൈവിധ്യവൽക്കരണത്തിന് ഉപയുക്തമാക്കി അവരുടെ ജീവിത നിലവാരം തദ്ദേശീയരുടെ നൈസർഗ്ഗീക പരിസ്ഥിതി നിലനിർത്തി കൊണ്ട് തന്നെ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ കണ്ടെത്തുക തുടങ്ങിയവയാണ് പഠനവിഷയങ്ങൾ.
കാലടി ശ്രീശങ്കര കോളജ് കോമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ. എ.എസ് സുജിത്തിന്റെ മേൽനോട്ടത്തിലാണ് പഠനം. കാലടി ശ്രീശങ്കര കോളജ് കോമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ. രാഹുൽ രമേഷ്, കുട്ടിക്കാനം മരിയൻ കോളജ് കോമേഴ്സ് വിഭാഗത്തിലെ ഡോ. ജോഷിൻ ജോസഫ്, പയ്യന്നൂർ കോളജ് മാനേജ്മെന്റ് വിഭാഗത്തിലെ ഡോ. വിജി വി. നായർ, തേവര എസ്. എച്ച്. കോളജ് മാനേജ്മെന്റ് വിഭഗത്തിലെ ഡോ. എൻ.ജിസ്ന, എസ്.എൻ.എം കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. എം.ജി. സനിൽ കുമാർ എന്നിവർ ഗവേഷണ സംഘത്തിലെ അംഗങ്ങൾ ആണ്.