കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിൽ ലീപ് സെൻ്റർ (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പ്രവർത്തനമാരംഭിച്ചു. ഇതു സംബന്ധിച്ച് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദും, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പ്രിൻസിപ്പൽ ഡോ. എം.എസ് മുരളി, പ്രെഫ. ആർ. രാജാറാം, കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെൻ്റർ അസിസ്റ്റൻ്റ് മാനേജർ എസ് അരുൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ ബെർജിൻ റസീൽ തുടങ്ങിയവർ സംസാരിച്ചു.
ലീപ് സെൻ്ററിലൂടെ വിദ്യാര്‍ത്ഥികളുടേയും, സാധാരണക്കാരുടെയും ആശയങ്ങള്‍ക്ക് ആദിശങ്കരയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പരിശീലനവും, വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി മികച്ച ബിസിനസ് സംരഭകരാക്കി മാറ്റും. കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും. 12 ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആദിശങ്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ കാമ്പസില്‍ നിന്ന് 30-ലധികം ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ടിബിഐ ആണ് ആദിശങ്കരയിലേത്.
കോവിഡ് കാലത്ത് ചിലവ് കുറഞ്ഞ വെന്‍റിലേറ്റര്‍ അടക്കം നിരവധി ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ ആദിശങ്കര നടത്തിയിരുന്നു. അതെല്ലാം സര്‍ക്കാരിലേക്ക് കൈമാറുകയും ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളും ലീപ് പദവി ലഭിക്കാന്‍ ആദിശങ്കരയ്ക്ക് സഹായകരമായി.