തിരുവനന്തപുരം: ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കി എന്നാണ് വിലയിരുത്തൽ.
കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി കണ്ണൂരിലെ വസതിയിലെത്തി. മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു.
ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാൽ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. നാളെ മുതൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. അതിനിടയിൽ ഇത്തരം നടപടികൾ സാധ്യമല്ല. അതിനാൽ സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി നടപടി സ്വീകരിക്കുകയായിരുന്നു.