കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്‍റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. അർജുന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അർജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്‍റെ കുടുംബം പ്രതികരിച്ചു.
അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ വീണ്ടും അനിശ്ചിതത്വത്തിലാണ്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയ്ക്ക് ഗംഗാവലി പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. ഗംഗാവലി പുഴയില്‍ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.