ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. സംഭവ സമയത്ത് 30 വിദ്യാർഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ഡൽഹി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ഡൽഹി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമഫലമായി വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.