കാലടി: കാലടിയിലെയും മറ്റുരിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് അഡൈ്വസറി യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് ബസ്സുടമകൾ. കാലടി ശ്രീശങ്കര പാലം മുതൽ മറ്റൂർ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡരികിലെ പാർക്കിംഗ് ഒഴിവാക്കുന്നതും ടൗണിൽ മുസ്ലിം പള്ളിക്ക് മുമ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് നിർത്തലാക്കുന്നതും മലയാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാത്തതുമൂലം മീഡിയൻ സ്ഥാപിച്ചത് പലപ്പോഴും കുരുക്ക് ഉണ്ടാകുവാൻ കാരണമാകുന്നു.
ഏതെങ്കിലും വാഹനം വാഹനം അപകടത്തിൽ പെടുകയോ തകരാറിലായോ ചെയ്താൽ പോലും റോഡിൽ നിന്നും ഉടനടി നീക്കം ചെയ്തതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു.മീഡിയനുകൾ സ്ഥാപിച്ചിടങ്ങളിൽ മിക്കയിടത്തും കൂടുതൽ വിടവ് അനുവദിച്ചതിനാൽ മുന്നിൽ പോകുന്ന വാഹനം എപ്പോൾ വേണമെങ്കിലും വലത്തോട്ട് തിരിയ്ക്കാനുള്ള അവസരം നിലവിലുണ്ട്.ഇതും അപകടങ്ങൾ ഉണ്ടാകുവാനും മെല്ലെപ്പോക്കിനും ഇടവരുത്തുന്നുണ്ട്. എം സി റോഡിൽ വാഹനങ്ങൾ പോകുന്നതിന്റെ എതിർ ദിശയിലേക്ക് അഭിമുഖമായി മുസ്ലീം പള്ളിയ്ക്കു മുന്നിലും പെരുമ്പാവൂർ ബസ് സ്റ്റോപ്പിലും ഉള്ള ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും യാതൊരു മുന്നറിയിപ്പുമില്ലാതെ തലങ്ങും വിലങ്ങും തിരിയുന്നതും മീഡിയൻ സ്ഥാപിച്ച തിനെത്തുടർന്ന് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് വാഹനങ്ങളുടെ വേഗത മന്ദഗതിയിലാകുന്നന്നതിന് കാരണമാകുന്നുണ്ട്.
ശ്രീ ശങ്കര പാലത്തിന്റെ ഇരു കരകളിലും തുടർച്ചയായി രൂപപ്പെടുന്ന കുഴികൾ അടച്ചാൽ ഒരാഴ്ച്ച പോലും അതിന് ആയുസ്സ് ഉണ്ടാകുന്നില്ല. സ്ഥിതി വഷളാകുന്നതിന് ഇത് പ്രധാന കാരണമാകുന്നുണ്ട്.ടൗണിൽ നിന്നും ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസ്സുകൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷകൾ അതേ ദിശയിൽ പുറത്തേക്ക് പോകുന്നതും ഒഴിവാക്കേണ്ടതാണ്. മഴക്കാലത്ത് ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം സ്റ്റാൻഡിലേക്ക് തിരിയുന്ന ബസ് ഡ്രൈവർമാർക്ക് ‘ബ്ലൈൻഡ് സ്‌പോട്ട്’ ആയി മാറുന്ന ഇവിടെ വൻ അപകട സാധ്യത നിലനിൽക്കുന്നുണ്ട്.
രാവിലെ 8 മണിയോടെ ടൗണിലെ വിവിധ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളെ കൊണ്ടുവിടുന്ന മാതാപിതാക്കളുടെയും സ്വകാര്യ ട്രിപ്പുകൾ നടത്തുന്ന വാഹനങ്ങളുടെയും തിരക്ക് വർധിക്കുമെങ്കിലും ഏറെ കഴിഞ്ഞാണ് പോലീസ് ഡ്യൂട്ടിക്ക് എത്തുന്നത് . അപ്പോഴേക്കും കുരുക്ക് വർദ്ധിച്ചിരിക്കും. മന്ത്രിയുടെ സന്ദർശന വേളയിൽ കാലടി സ്റ്റേഷനിലേക്ക് 5 പോലീസിനെ അധികമായി നൽകുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.
മീഡിയയിൽ സ്ഥാപിച്ചതിന്റെ ഗുണം പൂർണമായി ലഭിക്കുന്നതിന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി എടുത്ത മുഴുവൻ തീരുമാനങ്ങളും അടിയന്തിരമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ഏ. പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.