കൊച്ചി: മുൻ കേരള ഫുട്ബോൾ പരിശീലകനും കളിക്കാരനുമായ ടി.കെ. ചാത്തുണ്ണി (80) അന്തരിച്ചു. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.
ഫുട്‌ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.