കാലടി: ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചരക്ക് ലോറികൾ കാലടിയിലൂടെ വഴി തിരിച്ചു വിട്ടതും തുടർച്ചയായ മഴയിൽ ശ്രീശങ്കരാ പാലത്തിൽ രൂപപ്പെട്ട കുഴികളും മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായതിനാൽ ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ തന്നെ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖല പ്രസിഡൻറ് ഏ.പി.ജിബി സെക്രട്ടറി ബി.ഓ. ഡേവിസ് എന്നിവർ അറിയിച്ചു. സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനിടയിലാണ് ദേശീയപാതയിലൂടെ പോകേണ്ടതായ ചരക്ക് വാഹനങ്ങളെ അങ്കമാലിയിൽ നിന്നും എം.സി. റോഡ് വഴി കടത്തിവിടുന്ന നടപടി സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായി.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ ശ്രീശങ്കര പാലത്തിന്റെ ഇരു ഭാഗങ്ങളിലും ടാറിങ് ഉരുണ്ടുകൂടി കുഴിയായി മാറിയത് വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ കാരണമായി. മരോട്ടിച്ചുവട് മുതൽ ഒക്കൽ വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം കടക്കുന്നതിന് ഇപ്പോൾ ഒരു മണിക്കൂർ സമയം വരെ കാത്തു കിടക്കേണ്ടി വരുന്നു. മലയാറ്റൂർ, ഇല്ലിത്തോട് ,മഞ്ഞപ്ര,നായത്തോട്, പാറപ്പുറം, ചൊവ്വര തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്ക് സ്ഥിരമായി ട്രിപ്പുകൾ മുടക്കേണ്ടി വരുന്നതും വർധിച്ച ഇന്ധനച്ചിലവും സ്വകാര്യബസ് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.