അങ്കമാലി: വിവിധ കേസുകളില്‍ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കല്‍ നിര്‍വ്വീര്യമാക്കുന്നതിന് മൂക്കന്നൂര്‍ മഞ്ഞിക്കാട് പാറമടയില്‍ പോലീസ് സേന അലക്ഷ്യമായി പൊട്ടിച്ചത് മൂലം ഉണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ മൂക്കന്നൂര്‍, അയ്യമ്പുഴ, തുറവൂര്‍ പഞ്ചായത്തുകളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു.
മൂന്ന് പഞ്ചായത്തുകളിലെ വലിയ ഒരു ഭൂപ്രദേശത്തെ ജനങ്ങളെയൊന്നാകെ ഞെട്ടിപ്പിച്ച സ്ഫോടനം പോലീസിന്‍റെ വീഴ്ചകൊണ്ടുണ്ടായതാണ്. സ്ഥലത്തെ ജനപ്രതിനിധികളേയോ ഗ്രാമപഞ്ചായതതിനെയോ അറിയിക്കാതെയാണ് സ്ഫോടനം നടത്തിയത്. കുറ്റേശ്ശെയായി പൊട്ടിക്കേണ്ട സ്ഫോടക വസ്തുക്കല്‍ ഒന്നിച്ച് കൂട്ടിയിട്ട് പൊട്ടിച്ചത് മൂലമാണ് 8 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്‍റെ പ്രതീതിയിലുള്ള സ്ഫോടനമുണ്ടായത്. പോലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡും അഗ്നി രക്ഷാസേനയും ഉള്‍പ്പെടുന്ന സംയുക്ത സേനാ സംഘം നടത്തിയ നിര്‍വ്വീര്യമാക്കല്‍ ദൗത്യത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം അനിവാര്യമാണ്.
സ്ഫോടനത്തെതുടര്‍ന്ന് നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. നാശനഷ്ടങ്ങളുണ്ടായ വീടുകളും കെട്ടിടങ്ങളും പരിശോധിച്ച് യഥാര്‍ത്ഥ നഷ്ടം കണ്ടെത്തി തിട്ടപ്പെടുത്തുന്നതിന് റവന്യു വകുപ്പിന്‍റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി